തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ താൻ ഇടപെട്ട് വേണ്ടത് ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാർലമെന്റിൽ വച്ച് കണ്ടപ്പോൾ മെഡിക്കൽ കോളേജിന്റെ അവസ്ഥ എന്തെന്നറിയാൻ ആലത്തൂർ എം പി കെ രാധാകൃഷ്ണനോട് പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിൽ കരുവന്നൂർ വിഷയമായെങ്കിൽ പാലക്കാട് വിഷയമാവുന്നത് മെഡിക്കൽ കോളേജ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു പരാമർശം.
പട്ടിക ജാതി- പട്ടിക വർഗ വകുപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയെ കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോൾ അറിയില്ലെങ്കിൽ, ഇന്നു മുതൽ അറിയാൻ വളരെ ആഴത്തിൽ ഒരു ശ്രമം നടത്തണം. അവിടുത്തെ മെഡിക്കൽ വിദ്യാർത്ഥികൾകളുടെ പഠനത്തിനാവശ്യമായ ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പാണ് പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കോളേജിന്റെ ദുരവസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയത്. മന്ത്രിമാർ നൽകിയ താത്കാലിക ഉറപ്പിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. 2014 ൽ ആരംഭിച്ച മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം കെട്ടി കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്.















