ചെന്നൈ: തമിഴ്‌നാട്ടിൽ സുരക്ഷ നടപ്പിലാക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പൊതുജനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഡിഎംകെ സർക്കാർ നൽകുന്നില്ലെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്നലെ ബഹുജൻ സമാജ് പാർട്ടിയുടെ അദ്ധ്യക്ഷൻ കൊല്ലപ്പെട്ടു. ഡിഎംകെ സർക്കാരിന്റെ കീഴിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കുന്നതാണ് കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം. കള്ളക്കുറിച്ചി ദുരന്തവും ഇതിൽ നിന്ന് വിഭിന്നമല്ല. വ്യാജ മദ്യം നിർത്തലാക്കുന്നതിൽ പരാജയപ്പെട്ട ഡിഎംകെ സർക്കാർ കൊലയ്‌ക്ക് കൊടുത്തത് 65 പേരെയാണ്.”- കെ. അണ്ണാമലൈ പറഞ്ഞു.
വ്യാജ മദ്യം പുഴ പോലെയാണ് തമിഴ്‌നാട്ടിൽ ഒഴുകുന്നത്. ഇതിനെതിരെ ഡിഎംകെ ശബ്ദമുയർത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇതിനെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്നത്. ഗുണ്ടായിസത്തിന് നേരെ ഡിഎംകെ കണ്ണടയ്‌ക്കുകയാണെന്നും ബഹുജൻ പാർട്ടി നേതാവിന്റെ കൊലപാതകത്തിലേക്കടക്കം ഇതെത്തിച്ചെന്നും അണ്ണാമലൈ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വെട്ടിയ ശേഷം കടന്നുകളഞ്ഞത്. ആംസ്‌ട്രോങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കുപ്രസിദ്ധ ഗുണ്ട ആർക്കാട് സുരേഷിന്റെ സഹോദരൻ ആർക്കാട് ബാലു ഉൾപ്പെടെയുള്ള 8 പേർ പൊലീസിൽ കീഴടങ്ങിയിരുന്നു.















