ആലപ്പുഴ: ” വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. ഏഴ് വർഷം കൊണ്ട് തീരദേശത്ത് നിന്ന് 80ലധികം ഡോക്ടർമാരെ സൃഷ്ടിച്ച ഗവൺമെന്റാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ ഗവൺമെന്റെന്ന് ഞാൻ അഭിമാനത്തോടെ പറയട്ടെ..”- പറഞ്ഞു തീരുംമുമ്പ് സംസ്ഥാനത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കേട്ടത് കൂകി വിളി.
രണ്ടാം പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്നതിനിടെയാണ് സദസിൽ ഇരുന്നിരുന്ന കാണി മന്ത്രിയെ കൂകി വിളിച്ചത്. ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. കൂവൽ അധികമായതോടെ കാണിയെ പിടിച്ച് പുറത്താക്കാൻ മന്ത്രി നിർദേശം നൽകി. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നും ആരോപിച്ചു. ഇതോടെ സിപിഎം പ്രവർത്തകർ കാണിയെ ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു.
തീരദേശവാസികളുടെ ഉന്നമനത്തിനായാണ് രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുന്നത്. പട്ടിക ജാതി- പട്ടിക വർഗത്തിൽപ്പെടുന്ന കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ പരിശ്രമിക്കുന്നുവെന്ന് പറഞ്ഞു തീരുന്നതിന് മുന്നേയാണ് കൂക്കിവിളി കേട്ടത്. കാണിയെ പുറത്താക്കുന്നതിനിടെ ക്ഷുഭിതനായ ഒരു സിപിഎം പ്രവർത്തകൻ കാണിയെ മർദ്ദിക്കാനും ശ്രമിച്ചിരുന്നു.