ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രമായിരുന്നു ‘ലവ് ആക്ഷൻ ഡ്രാമ’. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലായിരുന്നു. വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.
സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും നിരവധി സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പ്രശ്നങ്ങളെ എങ്ങനെയാണ് തരണം ചെയ്തതെന്ന് തുറന്ന് പറയുകയാണ് ധ്യാൻ. ശ്രീനിവാസന്റെ ചെന്നൈയിലുള്ള വസ്തു വിറ്റാണ് പണം നൽകിയതെന്നാണ് ധ്യാൻ പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
ചെന്നൈയിൽ അച്ഛന് ഭൂമി ഉണ്ടായിരുന്നു. പിന്നീടാണ് താമസം ഇങ്ങോട്ട് മാറ്റിയത്. അങ്ങനെ ആ സ്ഥലം വിൽക്കാമെന്നും തീരുമാനിച്ചു. ആ സ്ഥലം കച്ചവടമായി നിൽക്കുന്ന സമയത്താണ് ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ടിംഗും നടക്കുന്നത്. ചിത്രീകരണത്തിന്റെ ആവശ്യത്തിനായി പണവും ആവശ്യമായിരുന്നു. സിനിമ നിർമ്മിക്കുന്നതും നമ്മളാണ്. എങ്ങനെ പൈസ ഉണ്ടാക്കാൻ സാധിക്കുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാനും വിശാഖും.
പൈസ എങ്ങനെ ഉണ്ടാക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വിശാഖ് ഒരു വഴിയുണ്ടെന്ന് അറിയിച്ചത്. എവിടെന്നായാലും നീ വാങ്ങിച്ചോ, ബാക്കി നമുക്ക് പിന്നീട് നോക്കാമെന്നാണ് ഞാൻ പറഞ്ഞത്. പിറ്റേദിവസം തന്നെ അവൻ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂൾ തീർത്തു. വീട്ടിലെത്തിയ ശേഷമാണ് അവൻ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്. ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാൻ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ചിലപ്പോൾ, ഞാനാണ് കാശ് ചോദിച്ചിരുന്നതെങ്കിൽ അച്ഛൻ തരില്ലായിരുന്നു.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.















