തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ അരുണിന്റെ ജോലി സിപിഎം കൗൺസിലർ ഇടപെട്ട് കളഞ്ഞതായി പരാതി. വാർഡ് കൗൺസിലർ അനിലിനെതിരെയാണ് അരുണിന്റെ പരാതി. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് കൗൺസിസലറുടെ മകനുമായുള്ള തർക്കമാണ് വൈരാഗ്യത്തിന് പിന്നിൽ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന്റെ തുടക്കം. ആംബുലൻസ് കടന്നു പോകുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് ട്രാഫിക് വാർഡനായ അരുൺ കൗൺസിലറിന്റെ മകനോട് നിർദ്ദേശിച്ചു. എന്നാൽ, താൻ ആരാണെന്ന് അറിയാമോന്ന് ചോദിച്ച് കൗൺസിലറുടെ മകൻ ഭീഷണിപ്പെടുത്തിയെന്നാണ് അരുൺ പറയുന്നത്.
സംഭവം കഴിഞ്ഞതിന് ശേഷമാണ് പ്രശ്നം ഉണ്ടാക്കിയത് വാർഡ് കൗൺസിലറുടെ മകനാണെന്ന് അരുൺ അറിഞ്ഞത്. സെക്യൂരിറ്റി ഓഫീസിൽ നിന്നുമാണ് ഇക്കാര്യം വിളിച്ച് പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. അന്ന് വൈകിട്ട് മൂന്ന് മണിയോടെ അരുണിനെ പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ തിരക്കിയപ്പോഴാണ് സിപിഎം കൗൺസിലർ ഡി ആർ അനിൽ ഇടപ്പെട്ടതിനെതുടർന്നാണ് ജോലി പോയതെന്ന് അറിഞ്ഞതെന്നും അരുൺ പറയുന്നു.
ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, ലേബർ കമ്മീഷനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയിരിക്കുകയാണ് അരുൺ. എന്നാൽ, അരുണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടില്ലെന്നും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമാണ് ഡി ആർ അനിലിന്റെ വിശദീകരണം.















