അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ( Reorganisation Act) ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിക്കും. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് 14 ദിവസത്തിനുള്ളിൽ യോഗം ചേരാനും തീരുമാനിച്ചു.
ലഹരിക്കടത്ത്, സൈബർ കുറ്റങ്ങൾ എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങളിലായിരിക്കും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുക. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ആന്ധ്രാപ്രദേശിൽ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.















