ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനിടെ കൂകി വിളി. ആലപ്പുഴയിലെ പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കൂകി വിളിയുണ്ടായത്. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് കൂകി വിളി ഉയർന്നത്. നിരവധി പേരാണ് സദസിലുണ്ടായിരുന്നത്.
മദ്യപിച്ചെത്തിയ ആളാണ് കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ വേദിയിൽ നിന്ന് മന്ത്രി നിർദേശിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചു. ഇതിനിടെ പരിപാടിയുടെ സംഘാടകരെത്തി കൂകിയയാളെ കൈകാര്യം ചെയ്യാൻ നോക്കിയതോടെ പരിപാടി അലങ്കോലമായി.
സംഭവത്തിന് പിന്നാലെ എല്ലാവരും ഇവിടെ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് സദസിനോട് നിർദേശിച്ചുകൊണ്ട് മന്ത്രിയുടെ പ്രസംഗം തുടർന്നു.















