തിരുവനന്തപുരം: പി.എസ്.സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. പാർട്ടിക്കുള്ളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി.
അംഗത്വത്തിന് 60 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ 22 ലക്ഷം രൂപ കൈപ്പറ്റി. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങൾ കണ്ടെത്തിയത്. ആരോഗ്യ മേഖലയിൽ നിന്നൊരാൾക്ക് പി.എസ്.സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
പി.എസ്.സി അംഗങ്ങളെ സിപിഎം തീരുമാനിച്ചപ്പോൾ ഇക്കാര്യങ്ങളൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ല. തുടർന്ന് ആയൂഷ് വകുപ്പിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്ത് പണം നൽകിയ ആളെ നേതാവ് വിശ്വസിപ്പിച്ചു. ഇതിലും തീരുമാനമുണ്ടാകാതെ വന്നപ്പോഴാണ് കോഴ വിവരങ്ങൾ പുറം ലോകമറിയുന്നത്. പിന്നാലെ കോഴിക്കോട് ജില്ലാ കമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്.















