ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി
സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ ആവശ്യത്തിൽ കർണാടക രാഷ്‌ട്രീയം ചൂടുപിടിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്തെ അഹിന്ദ (പിന്നാക്ക വിഭാഗങ്ങൾ) പ്രവർത്തകർ സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും അങ്ങനെ എന്തെങ്കിലും നീക്കത്തിന് തുടക്കമിട്ടാൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചത്.
അൽപസംഖ്യാതരു (ന്യൂനപക്ഷങ്ങൾ), ഹിന്ദുലിദവരു (പിന്നാക്ക വിഭാഗങ്ങൾ), ദലിതരു (ദലിതർ) എന്നിവർക്കുവേണ്ടി നിലകൊള്ളുന്ന അഹിന്ദ പ്രസ്ഥാനത്തിന്റെ മുഖ്യ ഉപജ്ഞാതാവാണ് സിദ്ധരാമയ്യ. ഈ പ്രസ്ഥാനത്തിന് വേണ്ടി സിദ്ധരാമയ്യ പരസ്യമായി രംഗത്ത് വരാറില്ലെങ്കിലും അദ്ദേഹത്തിന് ഇവരോടുള്ള നാഭീനാള ബന്ധം പ്രസിദ്ധമാണ്.
ചന്ദ്രശേഖർ സ്വാമിജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അഹിന്ദ സംസ്ഥാന പ്രസിഡൻ്റ് പ്രഭുലിംഗ ദൊഡ്ഡമണി “ഞങ്ങൾ എപ്പോഴും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം നിൽക്കും, അദ്ദേഹത്തിന്റെ നട്ടെല്ലായി.” എന്ന് പറഞ്ഞു,
“അത്തരം പ്രസ്താവന നടത്തുന്നത് മതപരമായ തിരിച്ചടിയുണ്ടാക്കും. ദർശകൻ അത്തരം പ്രസ്താവനകൾ നടത്തരുത്. സ്വാമി എല്ലാവർക്കുമുള്ളതാണ്, ഒരു പ്രത്യേക സമുദായത്തിൽ ഒതുങ്ങുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സിദ്ധരാമയ്യയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചാൽ, കോൺഗ്രസ് പാർട്ടി നിലനിൽക്കില്ലെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,” ദൊഡ്ഡമണി പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ അഹിന്ദ നിർണായക പങ്ക് വഹിച്ചു എന്നും ദൊഡ്ഡമണി അവകാശപ്പെട്ടു.
“ അദ്ദേഹം 5 വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു മാറ്റത്തെക്കുറിച്ച് എന്തെങ്കിലും ചർച്ചകൾ ഉണ്ടായാൽ, ഞങ്ങൾ അതിനെതിരെ ഓരോ ജില്ലയിലും താലൂക്കിലും പ്രതിഷേധിക്കുകയും അദ്ദേഹത്തോടൊപ്പം നട്ടെല്ലായി നിൽക്കുകയും ചെയ്യും, ”ദൊഡ്ഡമണി കൂട്ടിച്ചേർത്തു.
കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീനമുള്ള നേതാവാണ് ഡികെ ശിവകുമാർ. കുറുബ സമുദായത്തിൽ നിന്നുള്ള ഒബിസി നേതാവാണ് സിദ്ധരാമയ്യ.
ഓഗസ്റ്റിൽ സിദ്ധരാമയ്യയുടെ 77-ാം ജന്മദിനം പ്രമാണിച്ച് അഹിന്ദയുടെ അനുയായികൾ റാലി നടത്താൻ സാധ്യതയുണ്ട് എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















