പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ തകർത്തു. പാലക്കാട് കല്ലടിക്കോടാണ് സംഭവം. പാങ്ങ് സ്വദേശി പ്രദീപിന്റെ കാറാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രി12.30 ഓടെയായിരിന്നു സംഭവം. കാറിന്റെ രണ്ട് ഡോറും പുറകുവശവും പൂർണമായും തകർന്ന നിലയിലാണ്.
വീട്ടിലുണ്ടായിരുന്നവർ വലിയ ശബ്‌ദം കേട്ട് എഴുന്നേറ്റപ്പോഴാണ് കാട്ടാന കാർ തകർക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് ആന സ്ഥലത്ത് നിന്നും മടങ്ങിയത്. പാങ്ങ് മുന്നേക്കർ ഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാനകൾ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ശനിയാഴ്‌ച്ച രാത്രി പ്രദേശത്തുള്ള ഒരു തോട്ടത്തിലെ10-ഓളം തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു. ഇതിന് മുമ്പ് കൃഷികൾ മാത്രമാണ് നശിപ്പിച്ചിരുന്നതെന്നും പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായാണ് ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.