പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയോട് അനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “പവിത്രമായ രഥയാത്രയുടെ തുടക്കത്തിന് ആശംസകൾ. മഹാപ്രഭു ജഗന്നാഥനെ വണങ്ങി അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകൾ എപ്പോഴും ഞങ്ങൾക്ക് മേൽ ചൊരിയണമെന്ന് പ്രാർഥിക്കുന്നു”,പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
രഥയാത്രയ്‌ക്ക് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും ഭാര്യ സോനാലും അഹമ്മദാബാദിലെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും മംഗളാരതിയിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. ” ഭഗവൻ ജഗന്നാഥജിയുടെ രഥയാത്ര ഇന്ത്യൻ സാംസ്‌കാരിക പൈതൃകവും സമ്പത്തും സംരക്ഷിക്കുന്നതിനും പുതിയ ഉയർച്ച പ്രദാനം ചെയ്യുന്നതിനുമുള്ള പുണ്യ സന്ദർഭമാണ്. ഈ വിശുദ്ധ വേളയിൽ എല്ലാവരുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ജഗന്നാഥനോടും വീരബലഭദ്രനോടും മാതാ സുഭദ്രയോടും പ്രാർഥിക്കുന്നു “, അമിത് ഷാ എക്‌സിൽ കുറിച്ചു.
ഒഡിഷയിലെ കടൽത്തീര നഗരമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. ഇന്ന് പുലർച്ചെയോടെ ഈ വർഷത്തെ രഥോത്സവത്തിന് തുടക്കമായി. 53 വർഷത്തിന് ശേഷം ഇതാദ്യമായാണ് ദ്വിദിന രഥ യാത്ര നടക്കുന്നത് എന്ന പ്രത്യേകതയും ഈ വർഷത്തെ രഥോത്സവത്തിനുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പങ്കെടുക്കും.















