മുംബൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ ഏഴ് വിദേശ പക്ഷികളെയും മൂന്ന് കുരങ്ങുകളെയും മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവയെ കൂടിയത്. സംഭവത്തിൽ രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
ഏഴ് പക്ഷികളിൽ മൂന്ന് എണ്ണത്തെ ചത്ത നിലയിലാണ് കണ്ടെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരുടെ ബാഗേജ് സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോളാണ് ജീവികളെ കണ്ടെത്തിയത്. ഏഴ് ഫ്ലേം ബോവർബേർഡ്സ്, രണ്ട് കോട്ടൺടോപ്പ് ടാമറിൻ കുരങ്ങുകൾ, ഒരു മാർമോസെറ്റ് കുരങ്ങ് എന്നിവയെയാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
യാത്രക്കാരിൽ നിന്ന് പിടികൂടിയ പക്ഷികളേയും കുരങ്ങുകളേയും ചികിത്സയ്‌ക്കായി റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയറിന് കൈമാറിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അവയെ തായ്‌ലൻഡിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.















