തിരുവനന്തപുരം: തുമ്പയിൽ ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് തുമ്പ നെഹ്‌റു ജംഗ്ഷന് സമീപത്തുള്ള വീടിന് നേരെ നാടൻ ബോംബെറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസിന്റെ നിഗമനം.
ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്റെ സുഹൃത്തുക്കളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. അഖിന്റെ കൈയ്‌ക്ക് നേരെയാണ് ബോംബ് വന്ന് വീണത്. നിരവധി കേസുകളിൽ പ്രതിയാണ് ഇരുവരും. വിവേക് പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ളയാളാണ്. അഖിൽ കാപ്പ കേസ് പ്രതിയുമാണ്.
കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.