സ്മാർട്ട് ഫോൺ ചാർജിംഗിന് ഇടുമ്പോൾ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു.
പൊലീസ് പറയുന്നത്: പെയിംഗ് ഗസ്റ്റായി താമസിക്കുന്ന ശ്രീനിവാസ് ഫോൺ ചാർജിംഗിന് പ്ലഗ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വൈദ്യുത ഷോക്കേൽക്കുന്നത്. ഈ സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഈ സമയം ശ്രീനിവാസിന്റെ സുഹൃത്തുക്കൾ മുറിയിലുണ്ടായിരുന്നു. ഉടനെ ഇവർ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബസവേശ്വര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാർജർ കേബിളിന്റെയോ ഇലക്ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജർ പൊലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.