ഫുട്‌ബോളിലെ പല മഹാരഥന്മാർക്കും ഇത് അവസാന യൂറോ കപ്പായിരുന്നു. ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ്പെ ഇവരാരും യൂറോയ്‌ക്ക് വേണ്ടി ഇനി ബൂട്ടണിയില്ല. യൂറോ കപ്പിലെ ഏറ്റവും മികച്ച താരങ്ങളുടെ വിടപറയലിനാണ് ക്വാർട്ടർ ഫൈനൽ വേദിയായത്. യൂറോ കപ്പിന് ശേഷം അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ക്രൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ക്വാർട്ടറിന് മുൻപ് തന്നെ അവസാന യൂറോയാകും ഇതെന്ന് റൊണോയും വ്യക്തമാക്കിയിരുന്നു. വിരമിക്കലിനെ കുറിച്ച് താൻ നേരത്തെ തന്നെ തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു തോൽവിക്ക് ശേഷമുള്ള പെപെയുടെ മറുപടി.
ടോണി ക്രൂസ്
ജർമ്മനിയുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ടോണി ക്രൂസിന്റെ പേരുമുണ്ട്. മദ്ധ്യനിരയിലെ ഇതിഹാസമായ താരം യൂറോ കപ്പിൽ ജർമ്മനിയുടെ പുറത്താകലയോടെയാണ് അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിടപറഞ്ഞത്. 2014 മുതൽ നീണ്ട പത്തുവർഷം റയൽ മഡ്രിഡിന്റെ മദ്ധ്യനിരയുടെ കപ്പിത്താനും ക്രൂസായിരുന്നു. ക്ലബ്ബ് ഫുട്‌ബോളിന് പുറമെ ദേശീയ ടീമിനായും ടോണി ക്രൂസ് തിളങ്ങി. 2014-ലെ ജർമ്മനിയുടെ ഫിഫ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ക്രൂസായിരുന്നു. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ് അദ്ദേഹത്തെ ടീമിലെ നിർണായക താരമാക്കി മാറ്റി. രാജ്യത്തിനും ക്ലബിനുമായി മൊത്തം 814 മത്സരങ്ങൾ നിന്ന് 89 ഗോളുകൾ ക്രൂസിന്റെ കാലുകളിൽ നിന്ന് പിറന്നു. 182 ഗോളുകൾക്കും വഴിയൊരുക്കി. ഒരു ലോകകപ്പ്, ആറു ചാമ്പ്യൻസ് ലീഗ് കിരീടം, ആറ് ക്ലബ് ലോകകപ്പ്, നാലു ലാ ലിഗ കിരീടങ്ങൾ, മൂന്ന് ബുണ്ടസ്‌ലീഗ കിരീടങ്ങൾ, നാല് സ്പാനിഷ് സൂപ്പർ കപ്പ്, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പ് തുടങ്ങി നിരവധി അഭിമാനനേട്ടങ്ങളുടെ ഭാഗമായാണ് ക്രൂസിന്റെ പടിയിറക്കം.
റൊണാൾഡോ
യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനോട് പോർച്ചുഗൽ തോൽവി വഴങ്ങിയതോടെ പോർച്ചുഗലിന്റെ പോരാട്ടം മാത്രമല്ല അവസാനിച്ചത്. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി ടൂർണമെന്റിൽ കാണാനാകില്ല. ഇനിയൊരു യൂറോയിൽ കളിക്കാനില്ലെന്ന് 39-കാരനായ താരം നേരത്തേതന്നെ പറഞ്ഞിരുന്നു. തോൽവിയിൽ അതീവ ദു:ഖവാനായിരുന്നു താരം. ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ജർമ്മനിയിൽ ആറാം യൂറോ കപ്പിനാണ് റൊണോ ബൂട്ടുകെട്ടിയത്. അഞ്ച് തവണ യൂറോ കപ്പിന്റെ സ്പെയ്നിന്റെ ഈക്കർ കസിയസിനെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. മുമ്പ് 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളുടെ ഭാഗമായിരുന്നു താരം. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുൻ ഫ്രാൻസ് താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാമത്. 2016-ൽ പോർച്ചുഗലിനൊപ്പം യൂറോ കിരീടം നേടിയ റൊണാൾഡോ ഇത്തവണ അഞ്ച് മത്സരങ്ങളിൽ നിശ്ചിത സമയത്തും അധികസമയത്തും ഗോൾ നേടിയിരുന്നില്ല. ഫ്രാൻസിനും സ്ലൊവേനിയക്കുമെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാത്രമാണ് കിക്ക് ലക്ഷ്യം കണ്ടത്. 2004-ലായിരുന്നു യൂറോ അരങ്ങേറ്റം.
പെപെ
യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായ നിമിഷം. ക്രിസ്റ്റ്യാേനാ റൊണാൾഡോയുടെ തോളിലേക്ക് തലച്ചായ്ച്ച് വിങ്ങിപ്പൊട്ടിയ പെപെയുടെ മുഖം ആരാധകർക്ക് മുന്നിലുണ്ട്. പ്രായത്തെ കാഴ്ചക്കാരനാക്കി ടൂർണമെന്റിലുടനീളം പുറത്തെടുത്ത അസാധാരണമായ പ്രകടനങ്ങൾ അർത്ഥമില്ലാതായിപ്പോയതിന്റെ വേദനയായിരുന്നു അയാളിൽ. രണ്ട് പതിറ്റാണ്ട് കാലമായി പോർച്ചുഗലിന്റെ പ്രതിരോധ നിരയിലെ സജീവ സാന്നിധ്യമാണ് പെപെ. 2007-ൽ യൂറോയിൽ അരങ്ങേറിയ താരം 2016-ൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനോട് പരാജപ്പെട്ടപ്പോൾ തന്നെ തന്റെ അവസാന ടൂർണമെന്റാണ് എന്ന സൂചന നൽകിയിരുന്നു. ഭാവിയെ കുറിച്ചുള്ള എന്റെ തീരുമാനം നേരത്തെ തന്നെ തീരുമാനിച്ചതാണ്. അത് ഉടനെ തന്നെ വെളിപ്പെടുത്തുമെന്നായിരുന്നു പ്രതികരണം.