അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറി പട്ടാഭിഷേകത്തോടെ നികത്തി ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. സിംബാബ്വെയ്‌ക്കെതിരെ സിക്സോടെയാണ് താരം അക്കൗണ്ട് തുറന്നത്. 50 പൂർത്തിയാക്കുമ്പോഴും കന്നി സെഞ്ച്വറി നേടുമ്പോഴും പന്ത് ഗാലറിയിലേക്ക് പറത്തിയാണ് ആഘോഷത്തിന് തിരികൊളുത്തിയത്. ഏഴ് ഫോറും എട്ട് കൂറ്റൻ സിക്സറുകളുമടക്കമാണ് ഇടംകൈയൻ ബാറ്ററുടെ ഇന്നിംഗ്സ്.
33 പന്തിൽ 50 പൂർത്തിയാക്കിയ താരം അടുത്ത 13 പന്തിലാണ് 100 തികച്ചത്. 212 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. അരങ്ങേറ്റത്തിൽ ഡക്കായ അഭിഷേക് ഇന്ത്യക്കായി ടി20യിൽ അതിവേഗം സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാവുകയും ചെയ്തു. സിക്സുകളിൽ രോഹിത് ശർമ്മയുടെ റെക്കോർഡും മറികടന്നു. 47 സിക്സുകളാണ് താരം ഈ വർഷം അതിർത്തിവര കടത്തിയത്.
അതേസമയം ഇന്ത്യ നിശ്ചിത ഓവറിൽ കൂറ്റൻ സ്കോറാണ് സിംബാബ്വേക്ക് മുന്നിൽ പടുത്തുയർത്തിയത്. നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റൺസാണ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ ഗിൽ (2) നിരാശപ്പെടുത്തിയെങ്കിലും ഋതുരാജ് ഗെയ്ക്വാദ് (77) അഭിഷേക് ശർമ്മയ്‌ക്ക് പൂർണ പിന്തുണ നൽകി. 76 പന്തിൽ 137 റൺസിന്റെ പാർട്ണർ ഷിപ്പാണ് ഉയർത്തിയത്. 22 പന്തിൽ 48 റൺസെടുത്ത റിങ്കു തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.