കോഴിക്കോട്: കെഎസ്ഇബി ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ഇലക്ട്രിസിറ്റി ബോർഡ്. ഉറപ്പ് ലഭിക്കുന്നതിനായി അജ്മലിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെ അയക്കാനായി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്‌ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണ്.
ബിൽ അടയ്‌ക്കാത്തിനെ തുടർന്ന് തിരുവമ്പാടി സ്വദേശിയായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ തടസം നേരിട്ടു. കണക്ഷൻ സ്ഥാപിക്കാൻ വൈകി വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടർന്ന്, ഉദ്യോഗസ്ഥർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായി ശനിയാഴ്ച രാവിലെയാണ് അജ്മൽ ഓഫീസ് ആക്രമിച്ചത്. പിന്നാലെയാണ്, ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി തീരുമാനിച്ചത്.