പരമ്പരയിലെ ആദ്യ മത്സരം 13 റൺസിന് തോറ്റപ്പോൾ നിങ്ങളൊരു കാര്യം മറന്നു, എതിരാളികൾ ലോകചാമ്പ്യന്മാരയ ഇന്ത്യയാണെന്ന്. രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്‌ക്ക് പലിശസഹിതം മറുപടി നൽകി വമ്പൻ ജയം നേടി ഇന്ത്യൻ യുവനിര. 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 134 റൺസിന് പുറത്തായി. ഇന്ത്യക്ക് 100 റൺസിന്റെ കൂറ്റൻ ജയം. ഒരു ഘട്ടത്തിൽ പോലും സിംബാബ്‌വെ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായില്ല.
മൂന്നുവിക്കറ്റുമായി ആവേശ്ഖാൻ തിളങ്ങിയപ്പോൾ രവി ബിഷ്ണോയ് രണ്ടുവിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 11 റൺസ് മാത്രമാണ് വലം കൈയൻ സ്പിന്നർ വഴങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും ചേർന്നാണ് സിംബാബ്‌വെയെ ചുരുട്ടിക്കൂട്ടിയത്. 33 റൺസെടുത്ത ലൂക്ക് ജോങ്വെ ആണ് സിംബാബ്‌വെയെ 100 കടത്തിയത്. വെസ്ലി മധേവെരെ (43) ആണ് ടോപ് സ്കോറർ. 9 പന്തിൽ 26 റൺസെടുത്ത ബ്രയാന്‍ ബെന്നറ്റാണ് മറ്റൊരു ടോപ് സ്കോറർ. ആറുപേർ സിംബാബ്‌വെ നിരയിൽ രണ്ടക്കം കടന്നില്ല.
നേരത്തെ അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറിയോടെ അഭിഷേക് ശർമ്മ തീർത്തപ്പോഴാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. 33 പന്തിൽ 50 പൂർത്തിയാക്കിയ താരം അടുത്ത 13 പന്തിലാണ് 100 തികച്ചത്. 212 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ ഗിൽ (2) നിരാശപ്പെടുത്തിയെങ്കിലും ഋതുരാജ് ഗെയ്ക്വാദ് (77) അഭിഷേക് ശർമ്മയ്‌ക്ക് പൂർണ പിന്തുണ നൽകി. 76 പന്തിൽ 137 റൺസിന്റെ പാർട്ണർഷിപ്പാണ് ഉയർത്തിയത്. 22 പന്തിൽ 48 റൺസെടുത്ത റിങ്കു തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.















