ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുടിനും മോദിയും തമ്മിൽ നേരിട്ടുള്ള നേതൃത്വ തല ചർച്ചകൾ നടത്തുന്നതിനുള്ള അവസരമാണിത്. ഇന്ത്യ-റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടി വളരെ നല്ലൊരു ശീലമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇരു രാജ്യങ്ങളും തമ്മിൽ വ്യാപരമേഖലയിലെ അസ്ഥിരത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിക്കും പ്രസിഡന്റ് പുടിനും നേരിട്ട് ചർച്ചകൾ നടത്താൻ ലഭിച്ചിരിക്കുന്ന അവസരമാണിത്. തുടർന്ന് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും,” ജയശങ്കർ പറഞ്ഞു.
ഇന്ത്യയും റഷ്യയും വാർഷിക ഉച്ചകോടിയുടെ ആവശ്യകതയും പ്രാധാന്യവും ഒരുപോലെ മനസിലാക്കുന്നുവെന്നും ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ പുരോഗതി വിലയിരുത്താനുള്ള അവസരമാണിതെന്നും ജയശങ്കർ പറഞ്ഞു. റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
22-ാമത് ഉഭയകക്ഷി ഉച്ചകോടിക്കായുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരം നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിക്കുന്നത്. 2021 ഡിസംബറിൽ പുടിൻ ന്യൂഡൽഹി സന്ദർശിച്ച സമയത്താണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക ഉച്ചകോടി നടന്നത്.















