ജമ്മു: ജമ്മു കശ്മീരിലെ മയക്കുമരുന്ന് ഭീകരവാദക്കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ – ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനകളുമായി ബന്ധമുള്ള കേസിലെ മുഖ്യ പ്രതി സയ്ദ് അന്ദ്രാബിയാണ് പിടിയിലായത്.
2020 മുതൽ ഒളിവിലായിരുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗ്രേറ്റർ കശ്മീർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പിടിയിലായ സയ്ദ് അന്ദ്രാബി ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും മയക്കുമരുന്ന് സംഭരിക്കാനും വിൽക്കാനും ഇതിലൂടെ പണം കണ്ടെത്താനുമുള്ള ഗൂഢാലോചനയിലെ മുഖ്യ കണ്ണിയാണ്.
കേസ് ആദ്യം രജിസ്റ്റർ ചെയ്യുന്നത് ഹന്ദ്വാരാ പൊലീസ് സ്റ്റേഷനിലാണ്. അബ്ദുൾ മോമിൻ പീർ എന്നയാളുടെ വാഹനത്തിൽ നിന്ന് 20 ലക്ഷം രൂപയും 2 കിലോ ഹെറോയിനും പിടിച്ചെടുത്ത സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് 1.15 കോടി രൂപയും 15 കിലോ ഹെറോയിനും പൊലീസ് കണ്ടെടുത്തു. 2020 ലാണ് എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. ഇതുവരെ 15 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.