വാഷിംഗ്ടൺ:വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബൈഡന്റെ പ്രചാരണം തങ്ങൾക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ മാറി നിൽക്കണമെന്ന് മുതിർന്ന ഡെമോക്രാറ്റ് അംഗങ്ങൾ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിന്റെ ഭാഗമായി ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ബൈഡനെതിരെ വിമർശനം ഉയർന്നത്.
ബൈഡന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം നേടാനുള്ള പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. അതേസമയം ബൈഡൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് ജെഫ്രീസ് വെളിപ്പെടുത്തിയില്ല. പാർട്ടി അംഗങ്ങൾക്കിടയിൽ ബൈഡന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ഭിന്നത രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യഘട്ട സംവാദത്തിലുൾപ്പെടെ ട്രംപിന് മേൽക്കൈ നേടാനായതും വിമർശനത്തിന് കാരണമായി.
മാർക്ക് ടകാനോ, ആദം സ്മിത്ത്, ജിം ഹിംസ്, ജോ മോറെല്ലെ, ജെറി നാഡ്ലർ, സൂസൻ വൈൽഡ് തുടങ്ങിയ അംഗങ്ങൾ ബൈഡനെ എതിർത്തും, മാക്‌സിൻ വാട്ടേഴ്‌സ്, ബോബി സ്‌കോട്ട് തുടങ്ങിയ പ്രതിനിധികൾ ബൈഡനെ അനുകൂലിച്ചും രംഗത്തെത്തി. ബൈഡൻ പാർട്ടി നോമിനിയായി തുടരുന്നത് ഭൂരിപക്ഷം നേടാനുള്ള അവസരം നഷ്ടമാക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം. ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനത്തേക്ക് പിന്തുണയ്‌ക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.
പൊതുസേവന രംഗത്ത് ബൈഡന്റെ പ്രവർത്തനങ്ങളോട് ബഹുമതി ഉണ്ടെങ്കിലും മുന്നോട്ടേക്കുള്ള യാത്രയിൽ ഇത് എത്രത്തോളം സഹായകരമാകുമെന്ന ആശങ്കയാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ഉയർന്നത്. അടുത്തിടെ നടത്തിയ സംവാദങ്ങളിലെ പരാമർശങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇത് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടെന്നാണ് ബൈഡന്റെ വാദം. മാദ്ധ്യമങ്ങൾ തന്റെ നിലപാടുകളെ ചോദ്യം ചെയ്ത സമയങ്ങളിൽ പോലും പാർട്ടി തനിക്ക് പിന്നിൽ അടിയുറച്ച് നിന്നുവെന്നും ബൈഡൻ പറയുന്നു.















