കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ 17-കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊച്ചി ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്. സംഭവ സമയത്ത് ആന്റണിയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു.
ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടരും. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു. മറുവശത്തേക്ക് ഇറങ്ങനായി ട്രെയിനിന്റെ കോണിയിലൂടെ കയറിയ ആൻ്റണി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആന്റണി ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ആന്റണി ജോസ്.