സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്ന് നിർമ്മാതാവും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ സുരേഷ് കുമാർ. കമ്മീഷണർ സ്റ്റൈലിലാണ് സുരേഷ് ഗോപി രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെന്നും ഏത് വിഷയങ്ങളിലും പെട്ടന്ന് തന്നെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
“സുരേഷ് ഗോപി ജയിച്ച് എംപിയും മന്ത്രിയും ആകണമെന്നായിരുന്നു നമ്മൾ എല്ലാവരും ആഗ്രഹിച്ചിരുന്നത്. തൃശ്ശൂരിലെ ജനങ്ങളും ആഗ്രഹിച്ചു. എന്തായാലും അത് സാധ്യമായി. തൃശൂരിന് മാത്രമല്ല കേരളത്തിന് മുഴുവൻ ഗുണകരമാകുന്ന പദ്ധതികൾ സുരേഷ് ഗോപി യാഥാർത്ഥ്യമാക്കും, അതിൽ സംശയമില്ല. കമ്മീഷണർ സ്റ്റൈലിലാണ് രാഷ്‌ട്രീയത്തിൽ സുരേഷ് ഗോപി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു വിഷയത്തെപ്പറ്റി ഞാൻ സുരേഷ് ഗോപിക്ക് വോയിസ് മെസ്സേജ് അയച്ചിരുന്നു. കേന്ദ്രസർക്കാർ ഇടപെടേണ്ട ഒരു വിഷയം. മെസ്സേജ് അയച്ച് അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ കേന്ദ്രത്തിൽ നിന്നും ഫോൺകോൾ വന്നു. എന്താണ് വിഷയം എന്ന് ഞാൻ പറയുന്നില്ല, അത് കുറച്ച് രഹസ്യമാണ്. പിന്നീട് വിജിലൻസും എന്നെ വിളിച്ചു. വളരെ പെട്ടന്നാണ് സുരേഷ് കാര്യങ്ങളിൽ ഇടപെടുന്നത്”.
“ഞങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം ആരംഭിച്ചിട്ട് ഏകദേശം 35 കൊല്ലത്തോളമായി. ആകെ സുരേഷിനുള്ള ഒരു ചെറിയ പ്രശ്നം മുൻ ശുണ്ഠിയാണ്. അത് ഇന്നുമുണ്ട്. സുരേഷിന് നിമിഷങ്ങളിൽ ഗുരുവായൂർ അമ്പലത്തിൽ ഒരുമിച്ച് പോയതാണ്. സുരേഷിനോട് പറഞ്ഞു നമുക്ക് ഒരു 108 പ്രദക്ഷിണം വെക്കാം. ഞാൻ സമ്മതിച്ചു. പക്ഷേ നടക്കാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. കാലെല്ലാം പൊള്ളി. ഒരുതരത്തിൽ പ്രദക്ഷിണം ഞാൻ പൂർത്തിയാക്കി. എന്നാൽ സുരേഷിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഒരു കുലുക്കവും ഇല്ലാതെയാണ് സുരേഷ് നിന്നത്. ഞങ്ങളുടെ കൂട്ടായ്മയിൽ ഒരുപാട് കാര്യങ്ങൾ തിരുവനന്തപുരത്ത് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എല്ലാത്തിനും മുന്നിൽ നിന്ന് നയിച്ചത് സുരേഷ് ഗോപിയാണ്”.
“കാർഗിൽ യുദ്ധം വന്നപ്പോൾ ഫണ്ട് ഉണ്ടാക്കി, സുനാമി, 2018-ലെ വെള്ളപ്പൊക്കം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് 100 ലോഡ് സാധനങ്ങളാണ് പലയിടത്തായി ഞങ്ങൾ എത്തിച്ചത്. സിനിമാക്കാര് ഇവരെക്കാളുമെല്ലാം മുൻപ് ബിജെപിയിൽ അംഗത്വം എടുത്തത് ഞാനാണ്. 1984-ലാണ് ഞാൻ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുന്നത്. മുകുന്ദേട്ടന്റെ ശിഷ്യനായാണ് ഞാൻ ബിജെപിയിലേക്ക് വരുന്നത്. അന്നുമുതൽ മുകുന്ദേട്ടൻ എന്നോട് ചോദിക്കാറുണ്ട്, സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ നിൽക്കുമോ എന്ന്. അന്നൊന്നും അദ്ദേഹം സമ്മതിച്ചില്ല. അവസാനം തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ച് സുരേഷ് മന്ത്രിയാകുന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി”-സുരേഷ് കുമാർ പറഞ്ഞു.