തിരുവനന്തപുരം: സ്പെഷ്യൽ ചൈൽഡിനെ സ്കൂളിൽ നിന്ന് പുറത്താക്കി നിർബന്ധിച്ച് ടിസി എഴുതി നൽകിയതായി പരാതി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ് എൽപി സ്കൂളിനെതിരെയാണ് പരാതി ഉയരുന്നത്. ഓട്ടിസം ബാധിതനായ ഒന്നാം ക്ലാസുകാരനെയാണ് സ്കൂളിൽ നിന്നും പുറത്താക്കിയത്.
കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന വിചിത്ര ന്യായം പറഞ്ഞാണ് പ്രധാനദ്ധ്യാപകന്റെ നടപടി. പ്രവാസി ദമ്പതികളായ മണക്കാട് സ്വദേശികൾ, കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ഇവർ മകനെ കഴിഞ്ഞ വർഷം സ്കൂളിൽ ചേർത്തത്.
തുടർന്ന് ഇക്കഴിഞ്ഞ വായനാദിനാചരണ പരിപാടിക്കിടെ കുട്ടി ബഹളം വച്ചു. ഇതാണ് ഹെഡ്മാസ്റ്ററെ ചൊടിപ്പിച്ചത്. തുടർന്ന് അമ്മയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ടിസിക്ക് എഴുതി വാങ്ങുകയായിരുന്നു. ഒരാഴ്ചയ്‌ക്കകം ടിസി വാങ്ങണമെന്നും നിർദ്ദേശിച്ചു. ടിസി അപേക്ഷയിൽ കാരണം വ്യക്തമാക്കാൻ പറഞ്ഞപ്പോൾ അതിനും വിലക്കേർപ്പെടുത്തി. ദൂര കൂടുതലായതിനാൽ ടിസി നൽകണമെന്ന് നിർബന്ധിച്ച് എഴുതിച്ചു.
കുട്ടി സ്‌കൂളിൽ തുടർന്നാൽ രക്ഷിതാക്കൾ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുമെന്നും സ്‌കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞതായി രക്ഷിതാക്കൾ ആരോപിക്കുന്നു. ഓട്ടിസം പോലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് സർക്കാർ സ്കൂളിന്റെ ധാർഷ്ട്യം. ഹെഡ്മാസ്റ്ററുടെ കണ്ണില്ലാ ക്രൂരത പിടിഎയ്‌ക്കുള്ളിൽ തന്നെ വിയോജിപ്പും പ്രതിഷേധവും ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്.