തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സി അംഗത്വത്തിൽ വഴിവിട്ട രീതിയിലുള്ള നിയമനങ്ങൾ നടക്കാറില്ലെന്നും ആരോപണം പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും തട്ടിപ്പ് നടന്നാൽ തക്കതായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേരളത്തിലെ പിഎസ്‌സി എന്നുപറയുന്നത് വളരെ പ്രശസ്തമായ രീതിയിൽ കാര്യങ്ങൾ ഭരണഘടന ചുമതലപ്പെടുത്തിയത് അനുസരിച്ച് നിർവഹിച്ചുകൊണ്ടിരിക്കുന്ന ഏജൻസിയാണ്. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വഴിവിട്ട രീതികൾ ഉണ്ടാകാറില്ല. തട്ടിപ്പുകൾ പലവിധത്തിൽ നാട്ടിൽ നടക്കുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾക്ക് ആളുകൾ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള നടപടികൾ നാട്ടിൽ നടക്കുമ്പോൾ സ്വാഭാവികമായ നടപടികൾ ഉണ്ടാകും. ” മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയുമായി 60 ലക്ഷം രൂപയുടെ ഡീൽ നടന്നെന്നും ആദ്യ ഗഡുവായി 22 ലക്ഷം രൂപ ഇയാൾ കോഴയായി വാങ്ങിയെന്നും പാർട്ടിക്കാരനാണ് പരാതി ഉന്നയിച്ചത്. പാർട്ടി നേതൃത്വമാണ് പരാതി അന്വേഷിക്കുന്നത്. പിഎസ്‌സി നിയമനങ്ങൾ കാര്യക്ഷമമല്ലെന്നും പല സ്ഥാപനങ്ങളിലും അത് നടത്താൻ കഴിയുന്നില്ലെന്നും ഇതിന് സമഗ്രമായൊരു നിമയമനിർമ്മാണം ഉണ്ടാക്കുമോ എന്ന സഭയിലെ ചോദ്യോത്തര വേളയിലാണ് പിഎസ്‌സി കോഴ ആരോപണം മുഖ്യമന്ത്രി തള്ളാതിരുന്നത് എന്നതാണ് ശ്രദ്ധേയം.















