തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നാണ് വിമർശനം. സംഘടനാ വീഴ്ചയ്‌ക്ക് ഒപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിയ്‌ക്ക് കാരണമായി. സിപിഎമ്മിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ അകറ്റി നിർത്തിയത് തിരിച്ചടിയായെന്നും പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ എം എ ബേബി ആരോപിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന് പിന്നാലെയാണ് എം.എ. ബേബിയുടെ തുറന്നുപറച്ചിലും അതിരൂക്ഷ വിമർശനവും.
കടക്ക് പുറത്തെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞതിന് മുഖ്യമന്ത്രിക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടെങ്കിലും അത് പിണറായി ശൈലിയായി മാറിയത് ബഹുജന സ്വാധീനത്തിൽ ഇടിവ് ഉണ്ടാകാൻ കാരണമായെന്നാണ് ബേബിയുടെ വിലയിരുത്തൽ. മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും വിലക്കിയതും സോഷ്യൽ മീഡിയകളിലെ മാദ്ധ്യമങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളും ദോഷകരമായി ബാധിച്ചു. ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായത് ഓർക്കണമെന്നും എത്രയും പെട്ടെന്ന് തിരുത്തലുകൾ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
ജനങ്ങൾക്ക് ബോധ്യമാകും വിധം സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും മാത്രമേ ഇടതുപക്ഷത്തിന് ജനങ്ങളൾക്കിടയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാവൂ.
ഇടതുപക്ഷത്തിന് തോൽവി ഒരു പുത്തരിയല്ല. പക്ഷേ ലോക്‌സഭാ തെരഞ്ഞടുപ്പിലേത് ഗുരുതരമായ തോൽവിയാണെന്നാണ് പി.ബി അംഗത്തിന്റെ വിലയിരുത്തൽ.















