മലയാളത്തിലെ മാസ്റ്റർ പീസ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മറ്റു ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ ‘ചന്ദ്രമുഖി’. ചിത്രത്തിൽ ശോഭനയുടെ കഥാപാത്രം ചെയ്തത് നടി ജ്യോതികയാണ്. നൃത്തം അറിയാത്ത ജ്യോതികയെ കൊണ്ട് ക്ലൈമാക്സിലെ ഗാനം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ജ്യോതിക ഗംഭീരമായി നൃത്തം ചെയ്യുകയുണ്ടായി. അതിന്റെ ക്രെഡിറ്റ് കലാ മാസ്റ്റർക്കാണ്. ആ വെല്ലുവിളിയെ പറ്റി മനസ് തുറക്കുകയാണ് കലാമാസ്റ്റർ.
“ചന്ദ്രമുഖിയിലെ ആദ്യ പാട്ട് കമ്പോസ് ചെയ്യുമ്പോൾ എല്ലാവരും എന്നോട് ചോദിച്ചു ‘മാസ്റ്റർ ലൂസാണോ’. ജ്യോതികയ്‌ക്ക് ഇതുപോലെ പ്രയാസമുള്ള കൊറിയോഗ്രാഫി ചെയ്തതിന്. അത് ഞാൻ വലിയ കാര്യമാക്കിയില്ല. എന്നിരുന്നാലും ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. വിനീത് ഗംഭീര ഡാൻസറാണ്, പക്ഷേ ജ്യോതിക അങ്ങനല്ല. ഞാൻ മലയാളവും കന്നടയും സിനിമ കണ്ടിട്ടില്ല. വാസു സർ എന്നെ വിളിച്ച് സീനുകളാണ് കാണിച്ചത്. ക്ലൈമാക്സ് സീനില്‍ ജ്യോതികയുടെ എക്സ്പ്രഷൻ ഇതാണ് എന്ന് കാണിച്ചു തന്നു”.
“മലയാളത്തിലെ ആ പാട്ട് ഞാൻ കണ്ടിട്ടില്ല. ചന്ദ്രമുഖി സോങ് കഴിഞ്ഞതിനുശേഷമാണ് ശോഭനയുടെ പെർഫോമൻസ് ഞാൻ കണ്ടത്. അതുവരെ ഞാൻ അത് കണ്ടിരുന്നില്ല. രാവിലെ ഒന്ന് റിഹേഴ്സൽ ചെയ്തതിനുശേഷം ജ്യോതിക ചോദിച്ചു, ഇതാണോ ഞാൻ ചെയ്യേണ്ടത്. എനിക്കിങ്ങനെ ചെയ്യാൻ കഴിയുമോ, ജ്യോതിക ചോദിച്ചു. ഉറപ്പായും പറ്റുമെന്ന് ഞാൻ പറഞ്ഞു. അവൾക്ക് ചെയ്യാൻ കഴിയുമോ എന്ന് വിനീതും ചോദിച്ചു. രണ്ടുദിവസം കൊണ്ടാണ് ആ പാട്ട് ഷൂട്ട് ചെയ്ത് തീർത്തത്. അവസാനം പാട്ട് കണ്ടതിനുശേഷം ജ്യോതിക കരഞ്ഞു. നൃത്തം ചെയ്യുന്നതിന് മുൻപ് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ, പാട്ടു പൂർത്തിയായപ്പോൾ എല്ലാവരും കയ്യടിച്ചു. ഡാൻസ് അറിയുന്ന ആൾക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ അല്ല. അറിയാത്ത ആളുകളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് വലിയ ഒരു നേട്ടമാണ്”- കലാമാസ്റ്റർ പറഞ്ഞു.