കൊൽക്കത്ത: സന്ദേശ്ഖാലി അതിക്രമക്കേസിൽ മമത സർക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ പശ്ചിമ ബംഗാൾ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമങ്ങളും ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. തുടർന്ന് സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു.
ഒരു വ്യക്തിയെ സംരക്ഷിക്കാൻ സർക്കാരിന് ഇത്രയും താല്പര്യം എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. കേസിൽ അറസ്റ്റിലായ സന്ദേശ്‌ഖാലിയിലെ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ തൃണമൂൽ ഗുണ്ടാ നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ പരമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം.
ഷാജഹാൻ ഷെയ്‌ക്കിനും കൂട്ടാളികൾക്കുമെതിരായ റേഷൻ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ 42 കേസുകൾ സിബിഐക്ക് കൈമാറാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീകോടതി സർക്കാരിന്റെ ഹർജി തള്ളുകയും കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ശരിവയ്‌ക്കുകയും ചെയ്തു.















