ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്നും അകറ്റി നിർത്തപ്പെടാൻ കാരണമാകുമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഇത് കോടതികൾ പരിശോധിക്കേണ്ട വിഷയമല്ലെന്ന് വ്യക്തമാക്കി.
ആർത്തവ അവധിക്കുള്ള നയങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമർശം. “അത്തരം അവധികൾ നിർബന്ധമാക്കുന്നത് സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് അകറ്റുന്നതിലേക്ക് നയിക്കും. കോടതി അത് ആഗ്രഹിക്കുന്നില്ല. സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നടപടികൾ അവർക്ക് തന്നെ ദോഷകരമായി ഭവിച്ചേക്കാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്‌നം ഒന്നിലധികം നയപരമായ വശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് ഈ വിധി തടസ്സമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ, വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ആർത്തവ അവധിക്ക് ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. വിഷയം സർക്കാരുകളുടെ നയരൂപീകരണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അന്നും കോടതി പറഞ്ഞിരുന്നു.
നിലവിൽ ബിഹാറും കേരളവും മാത്രമാണ് രാജ്യത്ത് ആർത്തവ അവധിക്ക് വ്യവസ്ഥയുള്ള രണ്ട് സംസ്ഥാനങ്ങൾ. ബിഹാറിൽ വനിതാ ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി അനുവദിക്കുന്നുണ്ടെങ്കിൽ, കേരളത്തിൽ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ അവധിയാണ് നൽകുന്നത്.















