തൃശൂർ: നഗരത്തിലെ പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഗുണ്ടകളുടെ ഭീഷണി. ഗുണ്ടാ നേതാവിന്റെ ആവേശം മോഡൽ പിറന്നാൾ ആഘോഷം മുടക്കിയ പൊലീസിന്റെ നടപടിക്ക് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ഫോൺ കോൾ എത്തിയത്.
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, തൃശൂർ കമ്മീഷണർ ഓഫീസും ബോംബ് വച്ച് തർക്കുമെന്നാണ് ഭീഷണി. പിറന്നാൾ ആഘോഷം നടത്തിയ തീക്കാറ്റ് സാജൻ എന്ന ഗുണ്ടയാണ് ഭീഷണിക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയ്‌ക്ക് സമീപം ആവേശം സിനിമയെ മാതൃകയാക്കി ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ വിവരം അറിഞ്ഞെത്തിയ പൊലീസ് 32 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ താക്കീത് ചെയ്ത് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചിരുന്നു.