സൂറത്ത്: 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ട്രോളിബാഗുകളിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്. സൂറത്ത് ജില്ലയിലെ മംഗ്രോൾ സ്വദേശികളായ നയീം സാലിഹ് (29), ഉമൈമ സാലിഹ് (25), അബ്ദുൾ ബെമത്ത് (33), ഫിറോസ് നൂർ (48) എന്നിവരെയാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സ്വർണത്തിൽ രാസവസ്തുക്കൾ കലർത്തി ട്രോളി ബാഗുകളിലെ റെക്സിനിലും റബ്ബർ ഷീറ്റിലും സ്പ്രേ ചെയ്താണ് പ്രതികൾ ദുബായിയിൽ നിന്നും സ്വർണം കടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 65 ലക്ഷം രൂപ വിലമതിക്കുന്ന 115 പവൻ സ്വർണമാണ് പിടികൂടിയത്.
സംഘാംഗങ്ങൾ കൂട്ടത്തിലെ ദമ്പതികളെ സൂറത്തിൽ നിന്നും ദുബായിയിലേക്ക് അയക്കുന്നു. ദുബായിയിലുള്ള ഇവരുടെ കൂട്ടാളി ദ്രാവക രൂപത്തിലുള്ള സ്വർണം ദമ്പതികൾക്ക് കൈമാറുന്നു. തുടര്ന്ന ഈ സ്വർണം രാസവസ്തുക്കളുമായി കൂട്ടിക്കലർത്തി ട്രോളി ബാഗുകളിൽ സ്പ്രേ ചെയ്യുകയായിരുന്നു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്വർണം സംഘാംഗങ്ങൾക്ക് കൈമാറാൻ ഹോട്ടൽ മുറിയിലേക്ക് മുങ്ങിയ വരെ പിന്തുടർന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.















