പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ലെന്നായിരുന്നു ലോക്‌സഭയിലെ പ്രസംഗത്തിനിടെ രാഹുൽ പറഞ്ഞത്.
അഗ്നിവീറിന്റെ കുടുംബത്തിന് 1.65 കോടി രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ഇതിന് മറുപടിയായി ജൂലൈ 3ന് സൈന്യമിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഇതിനോടകം 98.39 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
സാധാരണയായി സൈനികർക്ക് ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിലേക്ക് കേന്ദ്ര സർക്കാരും ബാങ്കുകളും പ്രതിമാസം 5,000 രൂപ നൽകുന്നുണ്ട് കൂടാതെ അവർക്ക് 50 ലക്ഷം രൂപ ഇൻഷ്വർ ചെയ്യുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി, അഗ്നിവീറുകൾക്ക് 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. സാധാരണ സൈനികർക്കും അഗ്നിവീറുകൾക്കും സേവനത്തിലിരിക്കെ മരണം സംഭവിച്ചാൽ ഈ തുക ലഭിക്കും.
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ടാൽ അഗ്നിവീറുകൾക്ക് 44 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. ഒരു സാധാരണ സൈനികനുള്ള ധനസഹായം 25 ലക്ഷം മുതൽ 45 ലക്ഷം രൂപവരെയാണ്. അപകടത്തിൽ പെട്ടയാളുടെ സ്ഥാനമനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു. ദൗത്യങ്ങൾക്കിടെ മരണപ്പെട്ടാൽ അഗ്നിവീറുകൾക്കും സാധാരണ സൈനികർക്കും 8 ലക്ഷം രൂപയും മറ്റേതെങ്കിലും കാരണത്താൽ മരണപ്പെട്ടാൽ 2.5 ലക്ഷം രൂപയും ലഭിക്കും.
അഗ്നിവീറുകൾക്ക് മാത്രം ബാധകമായ ഒരു സംഭാവനാ പദ്ധതിയാണ് സേവാനിധി. സൈനികസേവനത്തിനിടയിലോ അതുമൂലമുള്ള കാര്യങ്ങൾ കൊണ്ടോ മരിക്കുന്നവർക്ക് മരണ തീയതി വരെ സ്വരൂപിച്ച തുക സർക്കാരിന്റെ സംഭാവനയും പലിശയും സഹിതം ലഭിക്കും. ഡ്യൂട്ടിയിലോ ഓപ്പറേഷനുകൾക്കിടയിലോ മരിക്കുന്ന അഗ്നിവീറുകൾക്ക് സേവാനിധി ഉൾപ്പെടെ നാല് വർഷം വരെയുള്ള മുഴുവൻ ശമ്പളവും ലഭിക്കും.















