തൃശൂർ: മുക്കുമ്പുഴ വനവാസി ഊരിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് സുബീഷ്- മിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വനത്തിനുള്ളിൽ വച്ചായിരുന്നു പ്രസവം നടന്നത്.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി വനവാസി ഊരിൽ നിന്നും കുറച്ചകലെയുള്ള വനത്തിൽ പോയതായിരുന്നു സുബീഷും മിനിയും. എന്നാൽ വനത്തിനുള്ളിൽ വച്ച് മിനിയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടു. വനവാസി ഊരിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവതി വനത്തിൽ വച്ച് പ്രസവിക്കുകയായിരുന്നു.
വനത്തിൽ മൊബൈൽ റെയ്ഞ്ച് ഇല്ലാത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് സുബീഷ് ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















