ഒരു കാലത്ത ബോളിവുഡ് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മനീഷ് കൊയ്‌രാള. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. അക്കാലത്ത് സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഫിലിം ഫെയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മനീഷ തന്റെ അനുഭവം പങ്കുവച്ചത്.
“കരിയറിന്റെ തുടക്കത്തിൽ തന്നെ വളരെ മോശം അനുഭവമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഫോട്ടോഷൂട്ടിനെത്തിയ എന്നോട് ബിക്കിനി ധരിക്കാൻ ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു. അന്ന് എന്നോടൊപ്പം അമ്മ കൂടി ഉണ്ടായിരുന്നു. ഭാവിയിലെ സൂപ്പർ സ്റ്റാറാണ് നിങ്ങളെന്ന് അയാൾ എന്നോട് പറഞ്ഞു. ആവശ്യം നിരസിച്ചതോടെ ഒരുപാട് നിർബന്ധിച്ചു. ബിക്കിനി എന്റെ കയ്യിലേക്ക് തരാൻ ശ്രമിച്ചു”.
“സർ, ബീച്ചിൽ പോകുമ്പോഴും നീന്തുമ്പോഴും മാത്രമാണ് ബിക്കിനി ധരിക്കാറുള്ളതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് ധരിച്ചുകൊണ്ട് എനിക്ക് ഒരിക്കലും ഫോട്ടോക്ക് പോസ് ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് ഉറപ്പിച്ച് പറഞ്ഞു”.
‘തൊടാൻ അനുവദിക്കാത്ത കളിമണ്ണിൽ ഞാൻ എങ്ങനെ പ്രതിമ ഉണ്ടാക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതായിരുന്നു തൊണ്ണൂറുകളിലെ ചില വ്യക്തികളുടെ മാനസികാവസ്ഥ. അദ്ദേഹത്തിന്റെ ചിന്താഗതി എന്താണെന്ന് അന്ന് ഞാൻ മനസിലാക്കി. അതാണ് അയാളുടെ സ്വഭാവം. അതുകൊണ്ടാണ് തന്നോട് അങ്ങനെ പെരുമാറിയതെന്നും മനീഷ കൊയ്‌രാള Manisha Koiralaപറഞ്ഞു.















