കത്വ: ജമ്മുകശ്മീരിലെ കത്വയിൽ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഭീകരാക്രമണത്തിൽ പരിക്കേറ്റ 5 സൈനികർക്ക് ബിലാവറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഇവരെ കൂടുതൽ വിദഗ്ധ ചികിത്സയ്‌ക്കായി പഠാൻകോട്ടിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
കത്വ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ മാറി മൽഹാറിലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. കുന്നിൻമുകളിൽ നിന്നും സൈനിക വാഹനത്തിനുനേരെ വെടിയുതിർത്ത ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡുകൾ വലിച്ചെറിയുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരർ അടുത്തുള്ള വനത്തിലേക്ക് പിൻവാങ്ങുകയായിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കിയിരുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജമ്മു മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. കുൽഗാം ജില്ലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ വധിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കത്വയിൽ സൈനികരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുന്നത്.















