ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ യാത്രയൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. റൂട്ടിൽ സർവീസ് നടത്താൻ അധികാരം കെഎസ്ആർടിസിക്കാണെന്നും അമിത തുക ഈടാക്കുന്നത് നിയമപരമാണെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നിലയ്‌ക്കൽ- പമ്പ സർവീസിന് അധിക തുക ഈടാക്കുന്ന നടപടിയും നിയപരമാണെന്നാണ് സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളിൽ 25 ശതമാനവും ഉത്സവ സീസണുകളിൽ 30 ശതമാനവും അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അമിത തുക ഈടാക്കുന്നതെന്നാണ് വാദം.
റൂട്ടിൽ വേണ്ടത്ര ബസുകൾ ഇല്ലെന്നും ബസിൽ നിന്നാണ് യാത്ര ചെയ്യുന്നതെന്നുമുള്ള വാദം തെറ്റാണെന്നും സർക്കാർ സുപ്രീകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
20 ബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേരള മോട്ടോർ വാഹന നിയമത്തിൽ സൗജന്യ സർവീസിനുള്ള വ്യവസ്ഥയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്‌മൂലം നൽകിയത്.
ഇക്കഴിഞ്ഞ മണ്ഡകാലം ഏറെ ദുരിതങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 22 കിലോമീറ്റർ ദൂരമുള്ള നിലയ്‌ക്കൽ പമ്പ റൂട്ടിൽ ശബരിമല ഭക്തർ മണിക്കൂറുകളോളം കാത്ത് നിന്നാണ് യാത്ര ചെയ്തിരുന്നത്. തിരക്കിന് അനുസൃതമായി ബസ് അനുവദിക്കാനോ ഉള്ളത് നന്നാക്കാനോ സർക്കാരിന് സാധിച്ചില്ലെന്ന് ഭക്തർ പരാതിപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ക്യൂവും തീർത്ഥാടകരെ വലച്ചു. പലരും പമ്പ വരെ എത്തി മാലയൂരി മടങ്ങി. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവങ്ങൾക്ക് ശബരിമല സാക്ഷ്യം വഹിച്ചത്. ഈ സത്യങ്ങളെ മറച്ചുവച്ച് നുണകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന നിലപാടിലാണ് സർക്കാർ.















