പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന കാറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ റെയിൽവേ സൗകര്യം പരമാവധി വിനിയോഗിച്ച് മാരുതി സുസുക്കി. 2023-24 സാമ്പത്തികവർഷം 20 ലക്ഷം യൂണിറ്റുകളാണ് റെയിൽ മാർഗമെത്തിച്ചത്. ഇതോടെ രണ്ട് ദശലക്ഷം യൂണിറ്റുകൾ റെയിൽ മാർഗം കൊണ്ടുപോകുന്ന ആദ്യത്തെ വാഹന നിർമാതാവായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി. 20 കേന്ദ്രങ്ങളിലേക്ക് ഇത്തരത്തിൽ കാറുകൾ റെയിൽവേ വഴി കൊണ്ടുപോകുന്നുണ്ട്. 450 നഗരങ്ങളിലായി ഇവ വിതരണം ചെയ്യുന്നു.
വിതരണം റെയിൽ മാർഗമാതോടെ മാരുതി സുസുക്കി പത്ത് വർഷത്തിനിടെ ലാഭിച്ചത് 270 ദശലക്ഷം ലിറ്റർ ഇന്ധനമാണ്. കാർബൺ ബഹിർഗമനം കുറയ്‌ക്കാനും സാധിച്ചു. ഏതാണ്ട് 10,000 മെട്രിക് ടണ്ണിന്റെ കുറവ് ഉണ്ടായെന്നാണ് കണക്ക്. അടുത്ത വർഷത്തിനകം ആകെ ഉത്പാദിപ്പിക്കുന്ന കാറുകളിൽ 35 ശതമാനം വരെ ഇത്തരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് എംഡിയും സിഇഒയുമായ ഹിസാഷി തകൂചി പറഞ്ഞു. 2014-15 സാമ്പത്തിക വർഷം അഞ്ച് ശതമാനം വരുന്ന 65, 700 കാറുകൾ മാത്രമായിരുന്നു ഇത്തരത്തിൽ കൊണ്ടുപോയിരുന്നത്.
2030-31 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ ഉത്പാദനശേഷി നിലവിലെ 20 ലക്ഷം യൂണിറ്റിൽ നിന്ന് 40 ലക്ഷം യൂണിറ്റായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ 35 ശതമാനം വരുന്ന വാഹനങ്ങൾ റെയിൽ മാർഗം വിതരണത്തിന് കൊണ്ടുപോകുന്നതാണ് പരിഗണിക്കുന്നത്. ചെലവ് ചുരുക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമെന്നത് കൊണ്ടുകൂടിയാണ് ഈ മാർഗം തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013 മേയിലാണ് മാരുതി സുസുക്കിക്ക് വാഹനം നിർമിച്ച് വിതരണം ചെയ്യാനുള്ള ഓട്ടോമോട്ടീവ് ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് ലഭിച്ചത്. 2014 മാർച്ചിൽ ആദ്യത്തെ ഫ്ലെക്സി ഡെക്ക് ഓട്ടോ-വാഗൺ റേക്ക് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. 2021 നവംബറിൽ ഒരു ദശലക്ഷം (10 ലക്ഷം) വാഹനങ്ങൾ റെയിൽമാർഗം വിതരണം ചെയ്ത് നാഴികക്കല്ല് പിന്നിട്ടിരുന്നു.















