തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ‘കേരളീയം’ വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം സംസ്ഥാനം കടത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ കേരളീയം വീണ്ടും നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ശക്തമാകുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. ഇതിന്റെ സ്‌പോൺസർഷിപ്പ് കണക്കുകൾ സർക്കാർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ അണിനിരത്തി ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾക്ക് സർക്കാർ കോടികളാണ് ചെലവാക്കിയത്. നടി ശോഭനയുടെ നൃത്ത പരിപാടി, കെഎസ് ചിത്രയുടെ ഗാനമേള, മുകേഷ് എംഎൽഎ, ജിഎസ് പ്രദീപ് എന്നിവരുടെ സ്പെഷ്യൽ ഷോ, ഗായകൻ എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ, സ്റ്റീഫൻ ദേവസ്സി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ ഫ്യുഷൻ ഷോ തുടങ്ങി ഓരോ ദിനവും ലക്ഷങ്ങൾ ചെലവഴിച്ചുള്ള പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സർക്കാർ ചിലവഴിച്ചത് 1 കോടി 55 ലക്ഷം രൂപയാണ്.
ക്ഷേമപെൻഷൻ മുടങ്ങിയ സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വൈകിയ വേളയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് സംസ്ഥാനസർക്കാർ സമ്മതിച്ചിരുന്നു. കടക്കെണിയിലാണെന്ന് ആവർത്തിക്കുമ്പോഴും കേരളീയം വീണ്ടും നടത്താനുള്ള സർക്കാരിന്റെ തീരുമാനം പൊതു ഖജനാവ് ധൂർത്തടിക്കാനുള്ള നീക്കമെന്നാണ് ഉയരുന്ന ആരോപണം.