ചെന്നൈ: പടക്ക നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിൽ ശിവകാശിയിലുള്ള പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. ശിവകാശി സ്വദേശികളായ മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ശിവകാശിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കാളയാർ കുറിച്ചിയിലെ പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.