ലിമ: പെറുവിൽ ഹിമപാതത്തിൽ കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശത്തെ മഞ്ഞുരുകിയപ്പോഴാണ് അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അതിശൈത്യത്തിൽ മമ്മിയാക്കപ്പെട്ട നിലയിലായിരുന്നു.
2009 ജൂണിലാണ് 59 വയസുള്ള വില്യമിനെ ഹിമപാതത്തിൽ കാണാതാകുന്നത്. 22,000 അടി ഉയരമുള്ള ഹുവാസ്കരൻ പർവതം കയറുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് വില്ല്യമിനായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. 22 വർഷങ്ങൾക്കിപ്പുറം ആൻഡീസ് പർവത നിരയിലെ കോർഡില്ലേര ബ്ലാങ്ക മേഖലയിൽ മഞ്ഞുരുകിയപ്പോളാണ് വില്ല്യമിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പെറുവിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
22 വർഷങ്ങൾ കഴിഞ്ഞെങ്കിലും മൃതദേഹത്തിന് ഒരുപോറൽ പോലും ഏറ്റിരുന്നില്ല. വില്യമിന്റെ വസ്ത്രങ്ങളും ബൂട്ടും ശരീരവും മഞ്ഞിനടിയിലെ കൊടും തണുപ്പിൽ സംരക്ഷിക്കപ്പെട്ടിരുന്നു. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്നും പാസ്സ്‌പോർട്ട് കണ്ടെടുക്കാനായത് മൃതദേഹം തിരിച്ചറിയാൻ പൊലീസിന് സഹായകമായി. വടക്കുകിഴക്കൻ പെറുവിലെ പർവതനിരകൾ ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് പ്രിയപ്പെട്ടതാണ്. മെയ് മാസത്തിൽ കാണാതായ ഒരു ഇസ്രായേലി പർവ്വതാരോഹകന്റെ മൃതദേഹവും ഒരു മാസത്തിനുശേഷം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.















