മോസ്കോ: ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നും അതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഒരുപാട് കാര്യങ്ങളുമായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്നേഹവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രവാസികളുമായി ഞാൻ സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഞാൻ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു മാസം തികയുന്നു. മൂന്ന് മടങ്ങ് ശക്തിയോടെ മൂന്ന് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഞങ്ങൾ അധികാരമേറ്റിരിക്കുകയാണ്”.
“ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യം. പാവപ്പെട്ടവർക്ക് മൂന്ന് കോടി വീടുകൾ നിർമിച്ച് നൽകും. പാവപ്പെട്ട മൂന്ന് കോടി സ്ത്രീകളെ ഞങ്ങൾ ശാക്തീകരിക്കും. ഭാരതത്തിന്റെ പുനർ നവീകരണം നമ്മുടെ യുവാക്കൾ നേരിൽ കാണുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. 40,000 കിലോമീറ്റർ വരെ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. ഡിജിറ്റൽ പേയ്മെന്റിന്റെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചു”.
“ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും നിർമിച്ചു. ഭാരതം വികസിക്കുകയാണെന്ന് ലോകം പറയുകയാണ്. 140 കോടി പൗരന്മാരുടെ പിന്തുണയോടെയാണ് ഭാരതം മുന്നേറുന്നത്. കാരണം രാജ്യം വികസിതമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഭാരതീയർ ഇന്ന് അഭിമാനിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു.















