ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ അഞ്ച് സൈനികർ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും തക്കതായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
“കത്വയിലെ ബദ്‌നോട്ടയിലെ ഭീകരാക്രമണത്തിൽ അഞ്ച് ധീരജവാന്മാരെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു, ഒപ്പം ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. രാജ്യത്തിനായുള്ള അവരുടെ നിസ്വാർത്ഥ
സേവനം എന്നും ഓർമ്മിക്കപ്പെടും. അവരുടെ ത്യാഗം വെറുതെയാകില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ ഇന്ത്യ ഇല്ലാതാക്കും,” പ്രതിരോധ സെക്രട്ടറി ഭരത് ഭൂഷൺ ബസു എക്‌സിൽ കുറിച്ചു.
ആക്രമണം തിരിച്ചടിയർഹിക്കുന്ന ഭീരുത്വ നടപടിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രതികരിച്ചു. “ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണം അപലപനീയവും ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയുമാണ്. ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. എല്ലാ തരത്തിലുമുള്ള ഭീകരത, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ” രാഷ്‌ട്രപതി പറഞ്ഞു.
ആക്രമണത്തിന് എം4 കാർബൈൻ റൈഫിളുകളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും മറ്റ് വെടിക്കോപ്പുകളും ഭീകരർ ഉപയോഗിച്ചതായാണ് വിവരം. ആക്രമണത്തിന് മുമ്പ് ഭീകരർ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ വനമേഖലയിലേക്ക് കടന്ന ഭീകരരെ കണ്ടെത്താൻ ശക്തമായ തെരച്ചിൽ നടക്കുകയാണ്.