നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ ഇന്ത്യൻ 2. ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടു പോയതിനാലും ആരോഗ്യം മോശമായതിനാലും ചില രംഗങ്ങളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. നെടുമുടി വേണുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പല രംഗങ്ങളും എഐ ഉപയോഗിച്ചാണ് സിനിമയിൽ ശങ്കർ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ രണ്ടാം ഭാഗത്തിൽ നെടുമുടി വേണു അഭിനയിച്ചതിനെപ്പറ്റി മനസ് തുറക്കുകയാണ് ഭാര്യ സുശീല നെടുമുടി വേണു. വേണുച്ചേട്ടനെ തനിക്ക് നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ ടു കാണാൻ ആഗ്രഹമില്ലെന്നും സുശീല പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെടുമുടി വേണുവിന്റെ ഓർമ്മകൾ ഭാര്യ പങ്കുവെച്ചത്.
“ഇന്ത്യൻ വൺ ഞാൻ കണ്ടിരുന്നു. കമൽഹാസൻ സേനാപതി ആയിട്ടും വേണുച്ചേട്ടൻ ഐപിഎസ് ഓഫീസർ ആയിട്ടും. അതിലെ രംഗങ്ങൾ വളരെ രസകരമായിരുന്നു. കുട്ടികൾക്കെല്ലാം അത് വളരെ ഇഷ്ടപ്പെട്ടു. പല കാരണങ്ങൾ കൊണ്ട് സെക്കൻഡ് പാർട്ട് നീണ്ടുപോയി. ഘട്ടങ്ങളായി സിനിമ തീരാതെ പോയി. രണ്ടാം ഭാഗം എടുക്കാറായപ്പോഴേക്കും വേണുച്ചേട്ടന് അസുഖത്തിന്റെ തുടക്കമായി. ശരീരം ക്ഷീണിച്ചു. ആ സമയം ശങ്കർ വിളിച്ചു. വേണുച്ചേട്ടൻ തന്നെ വേഷം ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് മടിയായിരുന്നു. പഴയപോലെ ആരോഗ്യം ഇല്ല. താടി വച്ചിരിക്കുന്നത് കൊണ്ട് ക്ഷീണം അത്രയ്‌ക്ക് അറിയില്ലായിരുന്നു. വേഷം ചെയ്യണമോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു വേണു ചേട്ടൻ”.
“രണ്ടാം ഭാഗത്തിൽ എങ്ങനെയായിരിക്കണം വേണുച്ചേട്ടൻ എന്നുള്ള ഒരു ചിത്രം അവർ അയച്ചുതന്നു. താടിയെടുത്താൽ ക്ഷീണം നന്നായി അറിയും. എന്നാലും പെട്ടെന്ന് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. അപ്പോൾതന്നെ ഷേവും ചെയ്തു. അങ്ങനെ സിനിമ ചെയ്തു. രണ്ടുമൂന്ന് ഷെഡ്യൂൾ കഴിഞ്ഞു. പിന്നീടങ്ങോട്ട് വീണ്ടും നീണ്ടു പോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ചെയ്തു. ഉയർന്ന പ്രദേശത്തൊക്കെ മഞ്ചലുപോലെ ഒന്നുണ്ടാക്കി അതിലിരുത്തിക്കൊണ്ട് വേണു ചേട്ടനെ കൊണ്ടുപോവുകയായിരുന്നു. അവസാനം അതൊന്നും വേണ്ട എന്ന് വേണുച്ചേട്ടൻ പറഞ്ഞു. കമൽഹാസനുമായി ഒന്നിച്ചിരിക്കാനുള്ള അവസരങ്ങൾ കിട്ടിയതിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു”.
“വലിയ ഒരു ഭാഗവും വേണുച്ചേട്ടൻ അഭിനയിച്ച തീർന്നതാണ്. വളരെ കുറച്ചു സീനുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് എഐ വച്ച് പൂർത്തിയാക്കാൻ കഴിഞ്ഞത് നല്ല കാര്യം. നല്ല കാര്യത്തിനുവേണ്ടി ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. വേണുച്ചേട്ടൻ പോയതിനുശേഷം അവരുമായി കോൺടാക്ട് ചെയ്തിട്ടില്ല. അദ്ദേഹം പോയതിനുശേഷം ഒരു സിനിമയും അഭിമുഖവും എനിക്ക് കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല. എപ്പോഴും കൂടെയുള്ളതുപോലെ സങ്കൽപ്പിക്കാനേ എനിക്ക് പറ്റുകയുള്ളൂ. സിനിമ കണ്ടിട്ട് എന്ത് കാര്യം. വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എഐ ഉപയോഗിച്ച് എങ്ങനെ വേണു ചേട്ടനെ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാൻ സത്യത്തിൽ എനിക്ക് ആഗ്രഹമില്ല”- സുശീല നെടുമുടി വേണു പറഞ്ഞു.















