മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടിൽ നിന്നും മാറി നിന്നിരുന്നതായി കാസ പൊലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാൾ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു.
ഇതിൽ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോൾ തന്നെയും ഒപ്പം കൊണ്ട് പോകാത്തതിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ടു. പിറ്റേന്ന് ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് യുവതി 4 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി വിട്ടുനൽകിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കാസ പൊലീസ് അറിയിച്ചു.