മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിനിരയായി. മുംബൈയിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെൻട്രൽ റെയിൽവേ സർവീസുകളേയും വെള്ളക്കെട്ട് സാരമായി ബാധിച്ചിട്ടുണ്ട്. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളം ട്രാക്കിൽ നിർത്തിയിട്ടതിനെത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. അതേസമയം സെൻട്രൽ റെയിൽവേയുടെ ഹാർബർ ലൈൻ സർവീസുകൾ തിങ്കളാഴ്‌ച്ച രാവിലെ പുനരാരംഭിച്ചതിനു ശേഷം ട്രാക്കിലെ വെള്ളക്കെട്ട് കാരണം രാത്രിയോടെ വീണ്ടും നിർത്തിവച്ചു.
കനത്ത മഴ മുംബൈ വിമാത്താവളത്തിലെ വിമാന സർവ്വീസുകളെയും സാരമായി ബാധിച്ചു. റൺവേ ഒരുമണിക്കൂറിലധികം സമയം അടച്ചിടുകയും 50 ഓളം വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിൽ ഇൻഡിഗോയുടെ 42 ഫ്‌ളൈറ്റുകളും എയർ ഇന്ത്യയുടെ 6 ഫ്‌ളൈറ്റുകളും ഉൾപ്പെടും. സർക്കാർ ഉടമസ്‌ഥതയിലുള്ള അലയ്ൻസ് എയറും തിങ്കളാഴ്‌ച്ച രണ്ടോളം വിമാനസർവീസുകൾ റദ്ദാക്കി.
മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ, നവി മുംബൈ, പൻവേൽ, പൂനെ, രത്നഗിരി – സിന്ധുദുർഗ് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും കനത്ത മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ബസ് സർവീസുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. പരേൽ, ഗാന്ധി മാർക്കറ്റ്, സംഗം നഗർ, മലാഡ് സബ്‌വേ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം ബെസ്ററ് ബസ് സർവീസുകൾ ഇതര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു.
മുംബൈ, രത്‌നഗിരി, റായ്ഗഡ്, സത്താറ, പൂനെ, സിന്ധുദുർഗ് ജില്ലകളിൽ റെഡ് അലർട്ടും താനെ, പൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലായി 10 ഓളം വീടുകൾ പൂർണമായും തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഷോർട്ട് സർക്യൂട്ട് കാരണം സാന്താക്രൂസ് ഈസ്റ്റിൽ 72 വയസ്സുള്ള സ്ത്രീ മരണപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈയിലെ കുർള, ഘാട്‌കോപ്പർ പ്രദേശങ്ങളിലും താനെ, വസായ് (പാൽഘർ), മഹദ് (റായിഗഡ്), ചിപ്ലൂൺ (രത്‌നഗിരി), കോലാപൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് എന്നിവയുൾപ്പെടെ മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായി എൻഡിആർഎഫ് വക്താവ് അറിയിച്ചു.