തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്തെ ഏതൊരു ജനാധിപത്യ രാജ്യമെടുത്താലും ഒരു വ്യക്തി തുടർച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെടുകയെന്നത് എളുപ്പമല്ലെന്നും എന്നാൽ ജനപ്രിയനായ നരേന്ദ്രമോദി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി വിശാല നേതൃയോഗം ഉദ്ഘാടനം ചെയ്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇനി രാഷ്‌ട്രീയ പ്രതിയോഗികൾക്ക് തടയാനാകില്ല. അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചു വരുന്നതിനാലാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സഹമന്ത്രി എന്ന നിലയിലാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെയും അതിനൊപ്പം കേരളത്തിന്റെയും വികസനമാണ് എന്റെ ലക്ഷ്യം. അതിൽ രാഷ്‌ട്രീയം നോക്കാതെ പ്രവർത്തിക്കും.
സമ്പദ്‌വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിൽ ഭാരതത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന ചിന്ത എല്ലാ ഭരണാധികാരികൾക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും വേണം”. – ജോർജ് കുര്യൻ പറഞ്ഞു.
ബലിദാനികളായ ബിജെപി പ്രവർത്തകരെയും ജോർജ് കുര്യൻ യോഗത്തിൽ സ്മരിച്ചു. അവരുടെ ജീവത്യാഗമാണ് പാർട്ടിക്ക് പ്രവർത്തിക്കാനുള്ള കരുത്ത് പകരുന്നതെന്നും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ജോർജ് കുര്യൻ പറഞ്ഞു. പ്രവർത്തകരാണ് തന്നെ മന്ത്രിയാക്കിയതെന്നും ഇനിയുള്ള ജീവിതവും പ്രവർത്തകർക്കും നാടിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.















