തുമകുരു (തുംകൂർ): കർണ്ണാടകയിൽ ബാംഗ്ലൂർ ജില്ലയ്‌ക്ക് ഒരു ബദൽ നഗരമായി ഉയർന്നുവരുന്ന തുംകൂറിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകൾ പുറത്ത് വന്നിരിക്കുന്നു. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് ഒരു വർഷത്തിനിടെ 326 പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതിൽ നാല് പെൺകുട്ടികൾ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകൂർ. കർണാടകയിലെ സിലിക്കൺ സിറ്റിയായ ബാംഗ്ലൂരിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂർ.
ജനങ്ങളുടെ ഇടയിൽ വിദ്യാഭ്യാസക്കുറവ്, മൊബൈൽ ഫോൺ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികൾ തെറ്റായ വഴിയിൽ സഞ്ചരിക്കുകയും ചെറുപ്പത്തിൽ തന്നെ അധാർമ്മികമായി ഗർഭം ധരിക്കുകയും ചെയ്യുന്നു. ബലാത്സംഗം മൂലം ഗർഭം ധരിച്ച കേസുകളുമുണ്ട്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 125 പേർ ജയിലിലായതായും റിപ്പോർട്ടിൽ പരാമർശമുണ്ട് .
ഒരു വശത്ത് ശൈശവ വിവാഹം, മറുവശത്ത് പ്രണയത്തിന്റെ പേരിലുള്ള വിവാഹത്തിന് മുമ്പുള്ള ലൈംഗികത, ഇതെല്ലാം കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ഗർഭധാരണത്തിന് കാരണമാകുന്നു. ചിലയിടങ്ങളിൽ അവിഹിതമായി ജനിച്ച കുഞ്ഞിനെ വിറ്റതും പൊക്കിൾക്കൊടി മുറിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം പോക്‌സോ കേസുകളായാണ് പരിഗണിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹിതയാണെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും അത് ബലാത്സംഗമായി കണക്കാക്കും. പോക്‌സോ കേസിൽ ജയിലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇരയായ പെൺകുട്ടികളുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരുമാണ്.
കർണാടകയുടെ വടക്കൻ ജില്ലയായ റായ്ച്ചൂരിൽ ശൈശവ വിവാഹങ്ങൾ പതിവാണ്. ഇത് തടയാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ പെൺകുട്ടികളുടെ ഗർഭധാരണത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠനത്തിൽ തുംകൂർ ജില്ലയിൽ മാത്രം ഒരു വർഷത്തിൽ 326 പെൺകുട്ടികൾ ഗർഭിണികളായതായി കണ്ടെത്തി. കർണാടകയിൽ ശൈശവ വിവാഹം തടയാൻ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി രക്ഷിതാക്കളെ കണ്ട് ബോധവത്കരണം നടത്തുന്നുണ്ട്.















