തിരുവനന്തപുരം: കോവളത്തിന്റെയടക്കം മുഖച്ഛായ മാറ്റുന്ന പദ്ധതികൾ ഉണ്ടെന്നും അതിന് സംസ്ഥാനം തടസ്സം നിൽക്കാതിരുന്നാൽ മതിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്തുണച്ചില്ലെങ്കിലും വേണ്ടില്ല, എതിർവാദങ്ങൾ ഉന്നയിച്ച് പദ്ധതികൾ നശിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തോളിൽ തട്ടിപ്പറഞ്ഞ രഹസ്യവും സുരേഷ് ഗോപി വെളിപ്പെടുത്തി. വൈലോപ്പിള്ളി സംസ്കൃത ഭവനിൽ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോവളം നമ്മൾ ഉപയോഗിച്ചു കഴിഞ്ഞു, ഇനി ഒന്നുമില്ല തരാൻ എന്ന് വിചാരിക്കരുത്. ഒന്നു മിനുക്കിയെടുത്ത് പുതിയ കോവളം എന്നു പറയാൻ കഴിയുന്ന തരത്തിലേക്ക് മാറ്റുന്ന പദ്ധതിയുണ്ട്, സംസ്ഥാനം ഒന്നു സഹകരിച്ചാൽ മതി. സഹായിച്ചില്ലെങ്കിലും പിന്തുണച്ചില്ലെങ്കിലും കുഴപ്പമില്ല, എതിർവാദങ്ങൾ ഉന്നയിച്ച് നശിപ്പിക്കാതിരുന്നാൽ മതി. ഇതൊക്കെ നേരത്തെ തന്നെ ആകാമായിരുന്നു. ആരും മോശക്കാരല്ല. രാഷ്‌ട്രീയം ആയിക്കോളൂ. പക്ഷേ ആ രാഷ്‌ട്രീയം നേടിത്തരുന്ന സ്ഥാനമാനങ്ങളിൽ ഇരുന്നുകൊണ്ട് രാഷ്‌ട്രീയവും പ്രത്യശാസ്ത്രവും മാത്രം ചിന്തിക്കാനുള്ള അവകാശം ആർക്കുമില്ല”.
“പെട്രോളിയം ആയാലും ടൂറിസം ആയാലും ജനഹിതപരമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ പഠിച്ചതിൽ നിന്നും മനസ്സിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വാചാലനായി സംസാരിച്ചത് ടൂറിസത്തെ പറ്റിയാണ്. ആ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നിന്ന് ഞാൻ വഴിതെറ്റി പോകരുത് എന്ന പ്രാർത്ഥന മാത്രമാണ് എനിക്ക് ഉള്ളത്. ആലത്തൂരിൽ പ്രധാനമന്ത്രി പ്രചരണത്തിന് എത്തിയപ്പോൾ എന്റെ തോളത്തു തട്ടി സംസാരിച്ചിരുന്നു. എല്ലാവരും എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു. പക്ഷേ ആ സമയത്ത് അത് പറയാൻ എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഇപ്പോൾ പറയാം. ‘നിങ്ങൾ പാർലമെന്റിലേക്ക് വരാൻ പോകുന്നു. എനിക്ക് ഉറപ്പാണ്. നിങ്ങൾ വരും’ എന്നാണ് പ്രധാനമന്ത്രി എന്നോട് പറഞ്ഞത്. മലയാളികൾക്ക് നന്മ ചെയ്യാൻ കഴിയുന്ന പ്രവൃത്തി ഈ കസേരയിൽ ഇരുന്നുകൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു”-സുരേഷ് ഗോപി പറഞ്ഞു.