കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഒരു ചിത്രമാണ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്ന്. പക്ഷേ എന്തുകൊണ്ടോ ചിത്രം വിജയമായിരുന്നില്ല. വർഷങ്ങൾക്കിപ്പുറമാണ് ഈ സിനിമ പ്രശംസിക്കപ്പെടുന്നത്. ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതൻ. 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. സിനിമയുടെ 4 കെ ട്രെയിലർ മോഹൻലാൽ ലോഞ്ച് ചെയ്തു. എന്തോ ഒരു ഭാഗ്യം ദേവദൂതൻ എന്ന സിനിമയ്ക്കുണ്ടെന്നും താരം പറഞ്ഞു.
“ഈ സിനിമ ഫിലിമിൽ ഷൂട്ട് ചെയ്തതാണ്. ഇതെങ്ങനെ കിട്ടിയെന്ന് ഞാൻ ചോദിച്ചു. 24 വർഷങ്ങൾ കഴിയുമ്പോൾ സിനിമ നഷ്ടപ്പെട്ടുപോയേക്കാം. പക്ഷേ ഇതാണ് ഭാഗ്യം എന്നു പറയുന്നത്. ഈ സിനിമയുടെ പ്രിന്റ് പ്രസാദിന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരുപാട് സിനിമകളുടെ പ്രിന്റ് ഇന്നില്ല. അതെല്ലാം നഷ്ടപ്പെട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതിൽ നിന്നു തന്നെ ഈ സിനിമയ്ക്ക് എന്തോ ഒരു ഭാഗ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’ എന്നാണ് ഈ സിനിമയിൽ പറയുന്നത്. ഇപ്പോൾ ‘ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട്’. ഒരു നടനെന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഇതിലെ പാട്ടുകൾ ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. ഈ സിനിമയിൽ എന്റെ കൂടെ അഭിനയിച്ച എല്ലാവരെയും ഞാൻ ഓർക്കുന്നു”.
“എന്തുകൊണ്ട് ഈ സിനിമ ഓടിയില്ല എന്ന് ചോദിച്ചാൽ, കാലം തെറ്റി വന്ന സിനിമ എന്നൊന്നും പറയുന്നില്ല. എന്തെങ്കിലും കാരണം ഉണ്ടാകും. അന്ന്, ആർക്കോ ആരോടോ എന്തോ പറയാനുള്ളത് മനസ്സിലായിട്ടുണ്ടാവില്ല. ചിലപ്പോൾ മറ്റു സിനിമകളുടെ കൂടെ ഇറങ്ങിയത് കൊണ്ടാവാം, സിനിമയുടെ ബേസ് ആൾക്കാരിലേക്ക് എത്താത്തതാവാം. പക്ഷേ, അന്ന് സിനിമ കണ്ടപ്പോൾ എല്ലാം ഒരു അത്ഭുതമായിരുന്നു. ഇതിലെ പാട്ടുകൾ, ശബ്ദം, സംഗീതം, ഛായാഗ്രഹണം എല്ലാം. എന്നാൽ എന്തുകൊണ്ട് ഓടിയില്ല എന്ന് ചിന്തിച്ചാൽ അതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയില്ല. എത്രയോ നല്ല സിനിമകൾ ഓടാതിരുന്നിട്ടുണ്ട്. സിബി ഈ സിനിമ വീണ്ടും റിലീസിന് എത്തിക്കുകയാണ്. ആ സിനിമ ഇപ്പോൾ പ്രേക്ഷകരെ എങ്ങനെ കാണിക്കണം എന്നത് മനോഹരമായ സിബി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്”-മോഹൻലാൽ പറഞ്ഞു.