പൂജ വസ്ത്രാക്കറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും വിശ്വരൂപം പൂണ്ടപ്പോൾ മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്ക തകർന്നു. പ്രോട്ടീസ് വനിതകൾ ഉയർത്തിയ 85 റൺസിന്റെ വിജയലക്ഷ്യം 55 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. രണ്ടാം ടി20 മഴയെടുത്തപ്പോൾ മൂന്നാം മത്സരത്തിൽ ഉജ്ജ്വല ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു ഇന്ത്യ.
ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 17.1 ഓവറഇൽ 84 റൺസിന് പുറത്തായി. 13 റൺസ് വഴങ്ങി 4 വിക്കറ്റ് പിഴുത പൂജ വസ്ത്രാക്കറാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് തകർത്തത്. രാധ യാദവ് 6 റൺസ് മാത്രം വിട്ടുനൽകി മൂന്ന് പേരെ കൂടാരം കയറ്റി. 20 റൺസെടുത്ത തസ്മിൻ ബ്രിട്സ് ആണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ.
മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. അരുന്ധതി റെഡ്ഡി, ശ്രേയാങ്ക പട്ടീൽ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദാനയുടെ(54) വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. ഷഫാലി വർമ 27 റൺസെടുത്ത് പുറത്താകാതെ നിന്നു. 10.5 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.